വിവാഹ വീഡിയോയില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല സിഡി നിര്‍മിക്കുന്ന മാഫിയ കേരളത്തില്‍ സജീവം: പരാതിയുമായി കൂടുതല്‍ പേര്‍

single-img
29 March 2018

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ പരാതികള്‍. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മൂന്ന് സംഘങ്ങളായാണ് അന്വേഷണം.

പ്രധാന പ്രതിയെയും കട ഉടമകളേയും കണ്ടെത്തുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോവിലെ ജീവനക്കാരന്‍ ബബീഷിന്റെ നേതൃത്വത്തില്‍ വിവാഹ വിഡീയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായാണ് പരാതി.

പരാതികളുടെ എണ്ണം കൂടിയതോടെയാണ് മൂന്ന് പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി വടകര റൂറല്‍ എസ് പി നിയോഗിച്ചത്. വനിതാ സിഐക്കാണ് അന്വേഷണ ചുമതല. പ്രധാന പ്രതി ബബീഷിനെയും സ്ഥാപന ഉടമകളും സഹോദരങ്ങളുമായ സതീശന്‍, ദിനേശന്‍ എന്നിവരെ പിടികൂടുന്നതിനായി വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചു.

ഇവരുടെ സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് നിരവധി സത്രീകളുടെ ചിത്രങ്ങള്‍ ലഭിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. സൈബര്‍ സെല്ലിന്റെ സേവനവും പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യവുമായി വിവിധ സംഘടനകളും രംഗത്ത് എത്തി.

എഡിറ്റിങ്ങിനായി എത്തുന്ന വിവാഹ ദൃശ്യങ്ങളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അശ്ലീല ചിത്രങ്ങളുമായി യോജിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇത്തരം സിഡികള്‍ വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റി അയയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വൈക്കിലശ്ശേരി സ്വദേശിനിയുടെ പാരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളാണ് യുവതിയെ ഇത്തരത്തില്‍ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി വിവരമറിയച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി പേരുടെ ഫോട്ടോ അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സ്റ്റുഡിയോ ജീവനക്കാരന്‍ ബിനീഷ് ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മറ്റുനീലച്ചിത്രങ്ങളിലെ സ്ത്രീകളുടെ നഗ്‌നശരീരത്തോട് മോര്‍ഫ് ചെയ്താണ് ഇവരുടെ ഫോട്ടോ ഉപയോഗിക്കുന്നത്. കല്യാണ വീടുകളില്‍ നിന്നാണ് ഇവര്‍ സ്ത്രീകളുടെ ഫോട്ടോകള്‍ സംഘടിപ്പിച്ചിരുന്നത്. കല്യാണ വീടുകളില്‍ വീഡിയോ എടുക്കുന്നതോടൊപ്പം മൊബൈല്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുമായിരുന്നു.

ഈ ഫോട്ടോകള്‍ രൂപമാറ്റം വരുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും പലരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആദ്യത്തെ പരാതിക്ക് ശേഷം നിരവധി പേരാണ് പരാതികളാണ് വടകര പൊലീസിലെത്തുന്നത്. ഈ സ്റ്റുഡിയോയില്‍ നിന്ന് പലപ്പോഴായി ഫോട്ടോയെടുത്തവരും, വിവാഹങ്ങള്‍ക്കും മറ്റുചടങ്ങുകള്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയവരുമെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.