കേരളത്തിലെ മതരഹിത വിദ്യാര്‍ത്ഥികള്‍: സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ തെറ്റ്

single-img
29 March 2018

ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന വിദ്യാഭ്യാസ മന്തിയുടെ നിയമസഭയിലെ പ്രസ്താവന വസ്തുതാവിരുദ്ധം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികളുടെ കണക്ക് തെറ്റാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

കാസര്‍ഗോഡ് ആറ് സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥിപോലും മതരഹിത വിഭാഗത്തില്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്തെ വിദ്യാര്‍ഥികളുടെ കണക്കുകളിലും തെറ്റുസംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മതപഠനത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും സര്‍ക്കാര്‍ കണക്കില്‍ നൂറു കണക്കിന് മതമില്ലാത്ത കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.

സര്‍ക്കാര്‍ കണക്കു പ്രകാരം മതം രേഖപ്പെടുത്താത്ത 209 കുട്ടികള്‍ പഠിക്കുന്ന കരിപ്പോള്‍ ഗവണ്‍മെന്റ് മാപ്പിള യു.പി സ്‌കൂളില്‍ മതമില്ലാത്ത ഒരു കുട്ടി പോലും പഠിക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മതം വ്യക്തമായി രേഖപ്പെടുത്തിയ 1050 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ പിന്നെങ്ങനെ മതമില്ലാത്ത 209 കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകനും രക്ഷിതാക്കള്‍ക്കും അറിയില്ല.

മദ്രസ പഠനം അടക്കം ഉറപ്പാക്കുന്ന പല മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളുകളും സര്‍ക്കാര്‍ കണക്കില്‍ മതം രേഖപ്പെടുത്താത്ത കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. എ.പി വിഭാഗം സുന്നികളുടെ മലപ്പുറത്തെ മഅദീന്‍ സ്‌കൂളിലെ 1071 വിദ്യാര്‍ഥികള്‍ക്കും കോഴിക്കോട്ടെ മര്‍ക്കസ് സ്‌കൂളിലെ വിദ്യര്‍ഥികള്‍കള്‍ക്കും മതമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കല്‍പകഞ്ചേരി യത്തീംഖാന സ്‌കൂളിലെ 206 വിദ്യാര്‍ഥികള്‍ക്ക് മതം രേഖപ്പെടുത്തിയില്ലെന്ന വിവരം മാനേജ്‌മെന്റുകളേയും രക്ഷിതാക്കളേയും ആശയക്കുഴപ്പത്തിലാക്കിക്കഴിഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ ആണെന്നായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.