ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്‍ രാജിവച്ചു

single-img
29 March 2018

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തില്‍ കൃത്രിമം കാണിച്ച വിവാദത്തില്‍ ഓസീസ് ടീം മുഖ്യ പരിശീലകന്‍ ഡാരന്‍ ലേമാനും രാജിവച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അവസാന ടെസ്റ്റിനുശേഷം ലേമാന്‍ സ്ഥാനം ഒഴിയും. സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലേമാനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.

ഒരു വര്‍ഷത്തേക്ക് വിലക്കിയ സ്റ്റീവ് സ്മിത്ത് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷതമായുള്ള ലേമാന്റെ രാജി പ്രഖ്യാപനം. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന്‌ നേരത്തെ ലേമാന്‍ വ്യക്തമാക്കിയിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചതില്‍ ലേമാന് യാതൊരു പങ്കും ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തിയതെന്ന് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞിരുന്നു.

എന്നാല്‍ ലേമാനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി ക്രിക്കറ്റ് ആരാധകര്‍ ഇതിനോടകം രംഗത്തെത്തി. നേരത്തെ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നത്.