ചവിട്ടി മോഷണം പതിവായപ്പോള്‍ സിസിടിവി ക്യാമറ വെച്ചു; കള്ളനെ കണ്ട് അന്തം വിട്ട് വീട്ടുകാര്‍

single-img
29 March 2018

ചെന്നൈ സ്വദേശിയായ സെന്തില്‍ നാഥന്റെ ഫഌറ്റിന് മുന്‍വശത്തിടുന്ന ചവിട്ടികളും തറ തുടയ്ക്കുന്ന തുണിയുമെല്ലാം മോഷണം പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും വില കുറഞ്ഞ സാധനങ്ങള്‍ മോഷ്ടിക്കുന്നത് ഏത് കള്ളനാണെന്ന് ചിന്തിച്ചിട്ട് സെന്തിലിന് ഒരു പിടിയും കിട്ടിയില്ല.

ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് സെന്തിലും ഭാര്യയും താമസം. കാര്‍ പോര്‍ച്ചില്‍ സ്ഥിരം വന്ന് കിടക്കാറുള്ള പൂച്ചയായിരിക്കും ആ ‘മോഷ്ടാവ്’ എന്നായിരുന്നു സെന്തിലും ഭാര്യയും ആദ്യം കരുതിയത്. പക്ഷെ ഒരു ചെറിയ പൂച്ചയ്ക്ക് എങ്ങനെയാണ് ചവിട്ടിയെടുത്തു കൊണ്ടുപോകാന്‍ കഴിയുക എന്ന ചോദ്യം അവരെ ആശയക്കുഴപ്പത്തിലാക്കി.

അതുമാത്രമല്ല, അഴികളായിട്ടുള്ള ഒരു ഇരുമ്പു വാതിലും അവിടെയുണ്ട്. അതിനിടയിലൂടെ ചവിട്ടി എടുത്തു കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലതാനും. ‘മോഷ്ടാവ്’ മറ്റാരോ ആണെന്ന് അവര്‍ ഉറപ്പിച്ചു. ചവിട്ടി മോഷണം പതിവായതോടെ സെന്തില്‍ കള്ളനെ കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

അതിനായി ഒരു സിസിടിവി ക്യാമറ ഘടിപ്പിച്ചു. സംഭവം ഏറ്റു. പതിവ് പോലെ ചവിട്ടി മോഷണത്തിനായി കള്ളനെത്തി. അങ്ങനെ കാത്തുകാത്തിരുന്ന ‘കള്ളന്‍’ ക്യാമറയില്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കാണാനായി സെന്തിലും ഭാര്യയും ആകാംഷയോടെ ഇരുന്നു. ആരായിരിക്കും ആ മോഷ്ടാവെന്ന അവരുടെ ആകാംഷയിലേക്ക് ഞെട്ടിക്കുന്ന ഒരു മുഖമായിരുന്നു കടന്നുവന്നത്.

ആ ‘മോഷ്ടാവ് ഒരു തെരുവുനായയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് സ്ഥിരമായി കണ്ടുവരാറുള്ള 3 തെരുവുനായക്കളില്‍ ഒരെണ്ണമായിരുന്നു അതെന്ന് സെന്തില്‍ പറഞ്ഞു. എന്തായാലും കള്ളനെ കയ്യോടെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് സെന്തിലും ഭാര്യയും.