സൗദി വഴിയുള്ള എയര്‍ ഇന്ത്യ സര്‍വീസിന് ‘പാര’വെച്ച് എല്‍ അല്‍ എയര്‍ലൈന്‍സ്

single-img
29 March 2018

സൗദി അറേബ്യക്ക് മുകളിലൂടെ ഡല്‍ഹിയില്‍ നിന്നും ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ആരംഭിച്ച എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസിനുള്ള അനുമതി എടുത്തു കളയണമെന്നാവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍സ് സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ സര്‍വീസിനേക്കാള്‍ രണ്ടുമണിക്കൂറെങ്കിലും ലാഭമുള്ള എയര്‍ ഇന്ത്യ സര്‍വീസ് കമ്പനിയുടെ ഭാവി നശിപ്പിക്കുമെന്ന് കാണിച്ചാണ് അവര്‍ കോടതി കയറിയത്.

വ്യോമ ഗതാഗത രംഗത്തെ അനാരോഗ്യകരമായ മല്‍സരത്തിന്റെ ഇരകളാണു തങ്ങളെന്ന് എല്‍ അല്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യ സര്‍വീസിന് അനുമതി നല്‍കിയ ഭരണകൂടം, ഇസ്രയേലിനു വരുത്തിവയ്ക്കുന്ന നഷ്ടം വളരെ വലുതാണെന്ന് എല്‍ അല്‍ സിഇഒ ഗോണന്‍ ഉസിഷ്‌കിന്‍ പറഞ്ഞു.

‘ഇന്ന് ഇന്ത്യ ഇത്തരമൊരു സര്‍വീസ് ആരംഭിച്ചു. നാളെയിത് തായ്‌ലന്‍ഡോ മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങളോ ആകാം. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം എല്‍ അല്‍ കമ്പനിക്കും അതില്‍ ജോലി ചെയ്യുന്ന ആറായിരത്തിലധികം ജീവനക്കാര്‍ക്കും വരുത്തിവച്ച നഷ്ടം വളരെ വലുതാണ്’ ഉസിഷ്‌കിന്‍ ചൂണ്ടിക്കാട്ടി.

എല്‍ അല്‍ എയര്‍ലൈന്‍സ് അടുത്തിടെ മുംബൈയിലേക്കു വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ സൗദിയുടെയും ഇറാന്റെയും ആകാശപാത ഒഴിവാക്കി ചാവുകടലിനു മുകളിലൂടെയായിരുന്നു യാത്ര. മാര്‍ച്ച് 22 മുതലാണ് എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്ക് സര്‍വീസ് തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഈ വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ജനുവരിയിലാണ് സൗദിക്കു മുകളിലൂടെയാണ് വിമാനയാത്രയെന്ന കാര്യം വ്യക്തമായത്. ഇസ്രയേലി ഗതാഗത മന്ത്രി പോലും ചരിത്രപരമാണ് ഈ വിമാന സര്‍വീസെന്ന് പറഞ്ഞിരുന്നു.

നയതന്ത്രബന്ധം മോശമായതു മുതല്‍ ഇസ്രയേലി വിമാന കമ്പനികള്‍ക്ക് തങ്ങളുടെ ആകാശം ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുവദിക്കാറില്ല. നേരത്തേ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നില്ല. സര്‍വീസിനെതിരെ എല്‍ അല്‍ എയര്‍ലൈന്‍സ് ഇസ്രയേല്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ തുടര്‍ സര്‍വീസുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.