കാക്കിക്കുള്ളിലെ മനുഷ്യത്വമില്ലാത്തവര്‍: തിരുവനന്തപുരത്ത് മകളുടെ വിവാഹ നിശ്ചയത്തിന് തൊട്ടുമുന്‍പ് നിസാര കുറ്റത്തിന് അച്ഛനെ അറസ്റ്റ് ചെയ്തു; നിശ്ചയം മുടക്കി

single-img
28 March 2018

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് തൊട്ട് മുന്‍പ് അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത. തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി ഉരസിയതില്‍ തുടങ്ങിയ പ്രശ്‌നമാണ് ഒടുവില്‍ വിവാഹനിശ്ചയം മുടങ്ങുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചത്.

കഴക്കൂട്ടം സ്വദേശി ബദറുദീന്റെ(45) മകള്‍ ഡോ. ഹര്‍ഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പോലീസിന്റെ ക്രൂര നടപടി കാരണം മുടങ്ങിയത്. ഹര്‍ഷിതയുടെ മാതാവ് ഉള്‍പ്പെടെ 24 പേരെ രാത്രിവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

16നു വൈകിട്ട് അഞ്ചിനാണു വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയില്‍ എത്തുന്നതിനു മുന്‍പ് പുലിപ്പാറ വളവില്‍ വച്ച് 4.10നു വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാനും കെഎസ്ആര്‍ടിസി ബസും തമ്മില്‍ ഉരസി. വാനിന്റെ ചില്ല് തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ തട്ടിക്കയറി.

ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ പാങ്ങോട് സ്റ്റേഷനില്‍ വിളിച്ചതിനെതുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനില്‍ എത്താമെന്നു അഭ്യര്‍ഥിച്ചുവെങ്കിലും പൊലീസ് വഴങ്ങിയില്ല.

സ്റ്റേഷനില്‍ ഉണ്ടായിരുന്ന വരന്റെ വീട്ടുകാര്‍ ഡ്രൈവറെ അന്വേഷിച്ചുപോയിരുന്നു. രാത്രി 10.30നു മടങ്ങിയെത്തിയ അവര്‍ പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ത്തുവെന്ന് അറിയിച്ചപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്നു പറഞ്ഞ് എസ്‌ഐ കൈമലര്‍ത്തുകയായിരുന്നുവത്രെ.

രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ബദറുദീനെയും മറ്റു രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. 20 വരെ റിമാന്‍ഡ് ചെയ്തു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനില്‍ എത്തിയപ്പോള്‍ അരമണിക്കൂര്‍ വൈകിയിരുന്നു.

ഗതാഗതക്കുരുക്കില്‍പെട്ടുവെന്നു പറഞ്ഞപ്പോള്‍ എസ്‌ഐ തട്ടിക്കയറി. ബദറുദീന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാന്‍ എസ്‌ഐ നിര്‍ദേശിച്ചു. ഹക്കീം തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ വളയുകയും ഒടുവില്‍ നിവൃത്തിയില്ലാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു. ബദറുദീന്റെ ജാമ്യം റദ്ദാക്കാനും ശ്രമം നടക്കുന്നുവെന്നാണ് വിവരം.

കടപ്പാട്: മനോരമ