കേരളത്തില്‍ മതമില്ലാത്തവര്‍ കൂടുന്നു: ജാതി മത കോളം പൂരിപ്പിക്കാതെ 1.25 ലക്ഷം കുട്ടികള്‍ സംസ്ഥാനത്ത് പ്രവേശനം നേടി

single-img
28 March 2018

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികള്‍. 9029 സ്‌കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്.

നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. അന്യജാതിക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന്റെ പേരില്‍ സ്വന്തം മകളെ കുത്തിക്കൊന്നുവെന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ഒരു കണക്ക് പുറത്ത് വന്നതെന്നത് ശ്രദ്ധേയമാണ്.

2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികളും മതജാതിരഹിതരാണ്.

ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയില്ല/ മതമില്ല എന്ന് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയതോടെയാണ് തങ്ങളുടെ മക്കള്‍ സ്വതന്ത്രരായി വളരട്ടെ എന്ന നിലപാടിലേക്ക് കൂടുതല്‍ രക്ഷിതാക്കളെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.