ആശുപത്രിയില്‍ കാണാനെത്തിയ ഭാര്യ ഹസിനെ മുഹമ്മദ് ഷമി ‘പറഞ്ഞുവിട്ടു’: ഇനി കോടതിയില്‍ കാണാമെന്ന് താരം

single-img
28 March 2018

കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാന്‍ ഭാര്യ ഹസിന്‍ ജഹാന്‍ എത്തി. മകള്‍ക്കൊപ്പമായിരുന്നു ഹസിന്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കു നിരാശയോടെ മടങ്ങേണ്ടി വന്നു.

ഹസിനെ കാണാന്‍ താല്‍പ്പര്യം ഇല്ല എന്നു ഷമി അറിയിക്കുകയായിരുന്നു. ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല എന്നും നിന്നേ കോടതിയില്‍ കണ്ടോളാം എന്നു ഷമിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു എന്നും ഹസിന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ മകളോടു ഷമി വിശേഷങ്ങള്‍ പങ്കുവച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ ഷമിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹസിന്‍ ജഹാന്‍ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഹസിന്‍ ഭര്‍ത്താവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. കൊല്‍ക്കത്തയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഹസിന്റെ പ്രതികരണം.

അദ്ദേഹം എന്നോട് ചെയ്ത തെറ്റുകള്‍ക്കെതിരേയാണ് ഞാന്‍ പോരാടുന്നത്. ശാരീരികമായി വേദനിക്കണമെന്ന് അഗ്രഹിച്ചിട്ടില്ല. അദ്ദേഹം എന്നെ ഭാര്യയായി കാണുന്നുണ്ടാകില്ല. പക്ഷേ എനിക്കിപ്പോഴും ഷമി എന്റെ ഭര്‍ത്താവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എനിക്കിപ്പോഴും സ്‌നേഹമാണ്’ ഉള്ളതെന്നും ഹസിന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് ഷമിയ്ക്ക് അപകടം സംഭവിച്ചത്. താരം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷമിയുടെ പരിക്ക് ഗുരുതരമല്ല.