ദുബായില്‍ വീണ്ടും മലയാളിക്ക് ആറ് കോടിയുടെ ലോട്ടറിയടിച്ചു

single-img
28 March 2018

ദുബായ് ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യം. ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 6,49,79,100 ഇന്ത്യന്‍ രൂപ) ആണ് ഇരുപത്തിയഞ്ചുകാരനായ കെ. ധനേഷിനെ തേടിയെത്തിയത്. ധനേഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും.

കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ധനേഷ്. അവധിക്കായി അടുത്തിടെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ധനേഷ് ലോട്ടറി എടുത്തത്. ഇതാദ്യമായാണ് ധനേഷ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്.

‘ഇത്രയും വലിയൊരു സമ്മാനം ഇത്ര ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിന് നന്ദി പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ വളരെ മനോഹരമായ ഒരു സമ്മാനമാണ് നല്‍കിയത്. നന്ദിയുണ്ട്’–ധനേഷ് പറഞ്ഞു.

ജോര്‍ദാനിയന്‍ പൗരനായ യസാന്‍ ഖരിയൗട്ടിനും ഒരു മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചു. 267 സീരീസിലെ 1090 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എഴുപതില്‍ അധികം തവണ ഈ 34കാരന്‍ ഭാഗ്യം പരീക്ഷിച്ചു. ‘ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ടാമത്തെ മുഹൂര്‍ത്തമാണിത്. ആദ്യത്തേത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കിയപ്പോള്‍ ആയിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നു’–യസാന്‍ പറഞ്ഞു.