ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല; വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി; പ്രതികള്‍ക്ക് നല്‍കാവുന്ന രേഖകളുടെ പട്ടിക നല്‍കാന്‍ പ്രോസിക്യുഷനോട് കോടതി

single-img
28 March 2018

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ള ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണം. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 11 ന് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതിഭാഗത്തിന് നല്‍കുന്നകാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാണ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. ദിലീപ് കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം. അതേസമയം, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും.

മാര്‍ച്ച് 14 നാണ് ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചത്. അന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വേണമെന്ന പ്രതികളുടെ ആവശ്യം അന്ന് കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. കേസില്‍ രഹസ്യവിചാരണ വേണമെന്നും വനിതാ ജഡ്ജി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും അന്ന് കോടതിയെ സമീപിച്ചിരുന്നു.

അതിനിടെ കേസില്‍ മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍ രംഗത്തെത്തി. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫഌറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

‘സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണ് മഞ്ജുവിന് മുംബൈയില്‍ ഫ്‌ലാറ്റും ‘ഒടിയനില്‍’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. കോടതിയോട് പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’–മാര്‍ട്ടിന്‍ പറഞ്ഞു.