മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു; കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ല

single-img
28 March 2018

Donate to evartha to support Independent journalism

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല. അഞ്ച് നിവേദനങ്ങളാണ് മുഖ്യമന്ത്രി ഗഡ്കരിക്ക് നല്‍കിയത്. ഇതില്‍ കീഴാറ്റൂര്‍ വിഷയം സംബന്ധിച്ച നിവേദനം ഉണ്ടായിരുന്നില്ല.

എന്നാല്‍, ഇത് സംബന്ധിച്ച വിഷയം മുഖ്യമന്ത്രി ഗഡ്കരിയെ ധരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് പറഞ്ഞ് ഗഡ്കരി തന്നെ കീഴാറ്റൂര്‍ വിഷയം സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

കാസര്‍കോട്ടെ തലപ്പാടി നീലേശ്വരം ദേശീയപാത വികസനവും കൊച്ചി കനാല്‍ നവീകരണവും മുഖ്യമന്ത്രി ഉന്നയിച്ചു. സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കിയാല്‍ ദേശീയപാതയുടെ വികസനത്തിനുള്ള മറ്റ് നടപടികള്‍ വേഗത്തിലാക്കാമെന്ന് ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.

കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന ഗഡ്കരിയോട് മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും പിണറായി പറയുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. ജനകീയ സമരത്തിലൂടെ ദേശീയശ്രദ്ധയിലെത്തിയ തളിപ്പറമ്പ് കീഴാറ്റൂരില്‍ എലവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി പിണറായി വിജയന്‍ ഗഡ്കരിയെ കാണുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.