സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്: ഐപിഎല്ലിലും കളിക്കാന്‍ കഴിയില്ല

single-img
28 March 2018

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും വിലക്കിയത്. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇരുവര്‍ക്കും ഏഴ് ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്.

ഇതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി. ഇരുവരുടെയും വാക്കുകേട്ട് പന്തു ചുരണ്ടാന്‍ നിന്ന യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും ഒന്‍പത് മാസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്. നടപടി വന്നതിന് പിന്നാലെ സ്മിത്തിനും വാര്‍ണര്‍ക്കും അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി.

ഐപിഎല്ലിന് ശേഷം ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇരുവരും കാഴ്ചക്കാരാകേണ്ടി വരും. എന്നാല്‍ 2019 മേയ് അവസാനം തുടങ്ങുന്ന ലോകകപ്പില്‍ ടീമില്‍ ഇടം ലഭിച്ചാല്‍ ഇരുവര്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് പന്തു ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. കേപ്ടൗണില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിവസം സ്മിത്തിന്റെയും വാര്‍ണറുടെയും നിര്‍ദ്ദേശപ്രകാരം യുവതാരം ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുകയായിരുന്നു.

ടിവി ക്യാമറകള്‍ ദൃശ്യങ്ങള്‍ ഭംഗിയായി ഒപ്പിയെടുത്തതോടെ ഓസീസ് കളിക്കാന്‍ പ്രതിക്കൂട്ടിലായി. വ്യാപക വിമര്‍ശനങ്ങള്‍ ഓസീസ് ടീമിനെതിരേ വന്നതിന് പിന്നാലെ സ്മിത്ത് കുറ്റം ഏറ്റുപറഞ്ഞു. താനും വാര്‍ണറും അറിഞ്ഞാണ് ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടിയതെന്നും സ്മിത്ത് സമ്മതിച്ചു. പിന്നാലെ ഐസിസി സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്നും വിലക്കി. ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും ഐസിസി ചുമത്തി.

ഓസ്‌ട്രേലിയന്‍ ടീമിനെതിരേ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ തന്നെ കളിക്കാരുടെ പെരുമാറ്റത്തിനെതിരേ രംഗത്തുവന്നു. ശക്തമായി നടപടി കളിക്കാര്‍ക്കെതിരേ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കടുത്ത നടപടിയെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരായത്.