മുഖ്യമന്ത്രിയെ ‘കാണാനില്ല’; സഭയില്‍ പ്രതിപക്ഷ ബഹളം

single-img
28 March 2018

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്.

മുഖ്യമന്ത്രിക്ക് തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവം തിരിച്ചറിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നരേന്ദ്രമോദിയെപ്പോലെയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.മുരളീധരന്‍ ആരോപിച്ചു.

പ്രധാനപ്പെട്ട വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയില്ലെന്നതാണ് പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയത്. മടവൂരിലെ കൊലപാതകം സംബന്ധിച്ച് സംസ്ഥാനത്ത് കൊട്ടേഷന്‍ വളരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തരപ്രമേയം. പാര്‍ട്ടി കമ്മിറ്റിയാണോ സഭയാണോ പ്രധാനം എന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം.

പാര്‍ലമെന്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടുന്ന ബഹുമാനക്കുറവ് പോലെയാണ് പിണറായിയുടെ നടപടിയെന്നും മുരളീധരന്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി സുപ്രധാനമാണെന്നും അതിനായാണ് പോയതെന്നും മന്ത്രി ജി.സുധാകരന്‍ മറുപടി നല്‍കി.

സഭയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും കണക്കുകള്‍ ഉദ്ധരിച്ച് ജി.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കറും രംഗത്തെത്തി. സുപ്രധാന പാര്‍ട്ടി കമ്മിറ്റിക്കായാണ് പോയതെന്നായിരുന്നു സ്പീക്കറും പറഞ്ഞത്.

അതേസമയം ഗുണ്ടകള്‍ക്കെതിരായ ഓപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലെന്ന് പിണറായി വിജയന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ സഭയെ അറിയിച്ചു. ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണ്.

ഓപറേഷന്‍ കുബേര തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. രാജേഷിന്റെ കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനില മെച്ചപ്പെട്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന വിവിധ പുരസ്‌കാരങ്ങള്‍ ഇതിനുള്ള തെളിവാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 160പേര്‍ക്കെതിരെ കാപ്പ ചുമത്തി കേസെടുത്തെന്നും മന്ത്രി പറഞ്ഞു