കേംബ്രിജ് അനലിറ്റിക്ക കേരളത്തിലെയും ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ തേടി: വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍

single-img
28 March 2018

ലണ്ടന്‍: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയുടെ വെളിപ്പെടുത്തല്‍. 2007ല്‍ തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരം ശേഖരിച്ചതെന്ന് വെയ്‌ലി വ്യക്തമാക്കിയിട്ടില്ല.

കേരളത്തില്‍ ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലും ജെ.ഡി.യു ഉള്‍പ്പെടെയുള്ള നിരവധി പാര്‍ട്ടികള്‍ക്ക് വേണ്ടിയും കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഹകരിച്ചിട്ടുണ്ടെന്ന് നേരത്തെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെയ്‌ലി അറിയിച്ചിരുന്നു.

കേരളത്തിന് പുറമേ, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ‘ജിഹാദി’നോടുള്ള പ്രതികരണങ്ങളും സി.എ തേടിയിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും അതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിക്കാന്‍ ശ്രമിച്ച സംഭവം നേരത്തെ വിവാദമായിരുന്നു.

പിന്നാലെ ഇന്ത്യന്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി കൈമാറുകയും ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.