അവിശ്വാസ പ്രമേയം പരിഗണിക്കാതിരിക്കാന്‍ മോദി സര്‍ക്കാരിന്റെ ‘ഗംഭീര നാടകംകളി’: പാര്‍ലമെന്റില്‍ ഇന്ന് ബഹളത്തോടു ബഹളം

single-img
27 March 2018

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് ലോക്‌സഭ ഇന്നും പരിഗണിച്ചില്ല. അണ്ണാ ഡിഎംകെ, ടിഡിപി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആദ്യം ഉച്ച വരെ നിര്‍ത്തിവച്ച ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു.

കാവേരി നദീ ജലബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ അംഗങ്ങള്‍ ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ മുങ്ങി സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതിനാല്‍ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്പീക്കര്‍ സുമിത്ര മഹാജന്‍ ആവര്‍ത്തിച്ചു.

കാവേരി നദീ ജല ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ എഡിഎംകെ ലോക്‌സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ പ്രതിഷേധം നടത്തിയിരുന്നു. പ്ലക്കാര്‍ഡുകളേന്തി നടുത്തളത്തിലിറങ്ങിയാണ് അവര്‍ പ്രതിഷേധിച്ചത്. അതിനിടെ, ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടു ടിഡിപി എംപിമാരും ബഹളം വച്ചു.

സഭ പ്രക്ഷുബ്ധമായതോടെ ചേര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ സമ്മേളനം ഉച്ചവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ബജറ്റ് സമ്മേളനത്തിനായി അവധിക്കുശേഷം സഭ ചേര്‍ന്ന മാര്‍ച്ച് അഞ്ച് മുതല്‍ എല്ലാ ദിവസവും കാര്യമായ ചര്‍ച്ചകള്‍ നടക്കാതെ ലോക്‌സഭ പിരിയുന്നതാണ് പതിവ്.

രാജ്യസഭ ഇന്നത്തേക്കു പിരിയുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ അംഗങ്ങളാരും പോകരുതെന്ന് അഭ്യര്‍ഥിച്ചു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. ഇതോടെ ബിജെപി അംഗങ്ങളും പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളില്‍ ഭൂരിഭാഗവും സീറ്റുകളില്‍ ഇരുന്നു. എന്നാല്‍ 10 മിനിറ്റിനുശേഷം ട്രെഷറി ബെഞ്ചിലെ മിക്ക അംഗങ്ങളും സ്ഥലം കാലിയാക്കി.

കേന്ദ്രമന്ത്രിയും സഭാ നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി, ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്നതു കാണാമായിരുന്നു. ഉച്ചയ്ക്കു 12 മണിയോടുകൂടി കോണ്‍ഗ്രസ്, ബിഎസ്പി അംഗങ്ങള്‍ക്കൂടി സീറ്റില്‍നിന്നു പോയി. രാവിലെ പ്രതിഷേധത്തെത്തുടര്‍ന്ന് 15 മിനിറ്റ് നേരത്തേക്കു രാജ്യസഭ നിര്‍ത്തിവച്ചിരുന്നു.

പിന്നീടു ചേര്‍ന്നപ്പോള്‍ പ്രതിഷേധം നടത്തരുതെന്നും സഭ മുന്നോട്ടുകൊണ്ടുപോകാനും യാത്രയയപ്പു സമ്മേളനം നടത്താനും സാഹചര്യമൊരുക്കണമെന്നും ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചു. അണ്ണാ എഡിഎംകെ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം. ബഹളം ശമിപ്പിക്കാനാകാത്തതിനാല്‍ രാജ്യസഭയും ഇന്നത്തേക്കു പിരിയുകയായിരുന്നു.