റെയില്‍വേയുടെ ഒരു ലക്ഷം ഒഴിവിലേക്ക് രണ്ട് കോടി അപേക്ഷകര്‍

single-img
27 March 2018

തിരുവനന്തപുരം: റെയില്‍വേയുടെ ഒരു ലക്ഷത്തോളം വരുന്ന ഒഴിവുകളിലേക്ക് അപേക്ഷിച്ചത് രണ്ട് കോടിയിലേറെ പേര്‍. അഞ്ച് ദിവസത്തോളം സമയമുള്ളതിനാല്‍ അപേക്ഷകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ടെക്‌നീഷ്യന്‍ ജോലികള്‍ക്കായി ഏതാണ്ട് 50 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയില്‍വേയില്‍ ഗ്രൂപ്പ് ലെവല്‍ സി 1 (പഴയ ഗ്രൂപ്പ് ഡി), ഗ്രൂപ്പ് ലെവല്‍ സി 2 തസ്തികകളിലേക്ക് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്.

രണ്ട് വിഭാഗങ്ങളിലുമായി 89,409 പേരെ നിയമിക്കും. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്. രണ്ട് വിഭാഗങ്ങളിലും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍ ബെയ്‌സ്ഡ് പരീക്ഷയും ( സി.ബി.ടി) ശാരീരിക ക്ഷമതാ പരീക്ഷയും ഉണ്ടാകും. ആദ്യ സി.ബി.ടി പരീക്ഷ ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്തും.

ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവരെ മാത്രമേ രണ്ടാം ഘട്ട സി.ബി.ടിയില്‍ പങ്കെടുപ്പിക്കൂ. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. ജനറല്‍ 40 ശതമാനം, ഒ.ബി.സി 30, പട്ടിക ജാതി 30, പട്ടിക വര്‍ഗം 2 എന്നിങ്ങനെയാണ് ഇപ്പോള്‍ ചുരുങ്ങിയ മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്.

കൂടുതല്‍ പേരെ പ്രാഥമിക റൗണ്ടില്‍ ഒഴിവാക്കേണ്ടി വന്നാല്‍ ചുരുങ്ങിയ മാര്‍ക്ക് ഉയര്‍ത്താനും സാദ്ധ്യതയുണ്ട്. മാര്‍ച്ച് 31ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക