കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ‘നിന്ന് യാത്ര’ ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

single-img
27 March 2018

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. എക്‌സ്പ്രസ്, സുപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ലക്ഷ്വറി സര്‍വീസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ഈ നടപടി മോട്ടോര്‍ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സൂപ്പര്‍ എക്‌സ്പ്രസ് മുതല്‍ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളില്‍ കെഎസ്ആര്‍ടിസി യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാറില്ല. വിധി വന്നതോടെ സൂപ്പര്‍ ഫാസ്റ്റിലെ നിന്നുള്ള യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്.

സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത്. സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, മിന്നല്‍ പോലുള്ള സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയിലുള്ള യാത്രക്കാരെ നിലവില്‍ കൊണ്ടുപോകാറുള്ളൂ.