മുന്‍മന്ത്രി കെ. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതം: കുറ്റപത്രം സമര്‍പ്പിച്ചു

single-img
27 March 2018

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണു കുറ്റപത്രം നല്‍കിയത്. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമാണെന്നാണു കണ്ടെത്തല്‍. ബെനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമിനെയും മോഹനനെയും കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ, ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കുറ്റപത്രം നല്‍കാനിരിക്കെ, തന്റെ മൊഴി എടുക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിനെതിരെ ബാബു അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാബുവിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറായി.

തന്റെ ടിഎ, ഡിഎ തുടങ്ങിയവയെല്ലാം വരുമാന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. ഇവ ഭാഗികമായി വരുമാനമായി കണക്കാക്കാമെന്ന് വിജിലന്‍സ് നിലപാടെടുത്തു. ഇതരവരുമാനങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാബു തയ്യാറായിരുന്നില്ല. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് വിജിലന്‍സ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.