ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വൈകും: തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചില്ല

single-img
27 March 2018

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ടതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്.

കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് വാര്‍ത്താസമ്മേളനം നടത്തിയത്.

സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വൈകുമെന്നാണ് സൂചന. കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷമായിക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത.

എന്നാല്‍ ജൂണില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നതിനാല്‍ ചിലപ്പോള്‍ ഇതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. അതേസമയം സംസ്ഥാനത്ത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ്. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയുമാണ്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു