ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി സഖ്യം പൊളിഞ്ഞു?: ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി

single-img
27 March 2018

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി സഖ്യം പൊളിയുന്നതായി സൂചന. യു.പിയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കി. അടുത്തിടെ നടന്ന ഗോരഖ്പുര്‍, ഫുല്‍പുര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പിന്തുണയോടെ സമാജ്‌വാദി പാര്‍ട്ടി വിജയിച്ചിരുന്നു.

കൈരീന ലോക്‌സഭാ സീറ്റിലും നൂര്‍പുര്‍ നിയമസഭാ സീറ്റിലേക്കും വൈകാതെ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കേയാണ് ബി.എസ്.പി നിലപാട് വ്യക്തമാക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിനും യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കില്ലെന്ന സൂചനയാണ് ബി.എസ്.പി നല്‍കുന്നത്.

ബിഎസ്പിയുടെ ജില്ലാ, സോണല്‍ കോര്‍ഡിനേറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു മായാവതി നിലപാട് വ്യക്തമാക്കിയത്. ഗോരഖ്പുരിലും ഫുല്‍പുരിലും ചെയ്തതുപോലെ ഇനിയുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി സജീവമായി രംഗത്തിറങ്ങില്ലെന്നു വാര്‍ത്താ കുറിപ്പിലൂടെയാണു പാര്‍ട്ടി വ്യക്തമാക്കിയത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചിട്ടും ബിഎസ്പി സ്ഥാനാര്‍ഥി ഭീം റാവു അംബേദ്കറിനു ജയിക്കാനാകാതെ പോയതിനു പിന്നാലെയാണു തല്‍ക്കാലത്തേക്കു സഖ്യം ചേര്‍ന്നുള്ള പ്രവര്‍ത്തനം നിര്‍ത്താനുള്ള മായാവതിയുടെ തീരുമാനം.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി തോറ്റതില്‍ സമാജ്‌വാദി പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പിച്ചു മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു. താനായിരുന്നു അഖിലേഷിന്റെ സ്ഥാനത്തെങ്കില്‍ എസ്പി സ്ഥാനാര്‍ഥിക്കു പകരം ബിഎസ്പി സ്ഥാനാര്‍ഥിയുടെ വിജയം ആദ്യം ഉറപ്പാക്കിയേനെ എന്നായിരുന്നു പ്രതികരണം.