‘യെദ്യൂരപ്പ സര്‍ക്കാര്‍ അഴിമതിയില്‍ നമ്പര്‍ വണ്‍’: അമിത് ഷായ്ക്ക് നാക്ക് പിഴച്ചു; ബി.ജെ.പി നേതാക്കള്‍ ഞെട്ടിത്തരിച്ചു

single-img
27 March 2018

https://twitter.com/divyaspandana/status/978531457378418689

ബംഗളൂരു: കര്‍ണാടകയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് നാക്ക് പിഴച്ചത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിദ്ധരാമയ്യയെ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവനയാണ് അമിത് ഷായെ വെട്ടിലാക്കിയത്.

അഴിമതിയുമായി ബന്ധപ്പെട്ട കാര്യം പറയുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിന് പകരം മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബി.എസ്.യെദിയൂരപ്പയുടെ പേരാണ് ഷാ പറഞ്ഞത്. അടുത്തിടെ വിരമിച്ച സുപ്രീം കോടതി ജഡ്ജി പറഞ്ഞത് ‘അഴിമതിയുടെ കാര്യത്തില്‍ ഒരു മത്സരം ഉണ്ടായിരുന്നെങ്കില്‍ യെദിയൂരപ്പ സര്‍ക്കാരിന് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു’ ഇതായിരുന്നു ഷായുടെ പ്രസ്താവന.

ഷായുടെ പ്രസ്താവന കേട്ടിരുന്ന യെദിയൂരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും ഞെട്ടിപ്പോയി. എന്നാല്‍, അബദ്ധം മനസിലാക്കിയ ബി.ജെ.പി എം.പി പ്രഹ്‌ളാദ് ജോഷി ഉടന്‍ തന്നെ സിദ്ധരാമയ്യ എന്ന് പറഞ്ഞ് ഷായെ തിരുത്തുകയായിരുന്നു. ഉടന്‍ തന്നെ അമിത് ഷായും തിരുത്തി. താന്‍ ഉദ്ദേശിച്ചത് സിദ്ധരാമയ്യ സര്‍ക്കാരിനെയാണെന്ന് അദ്ദേഹം തിരുത്തി പറഞ്ഞു.

അതേസമയം, അമിത് ഷാ സത്യം പറഞ്ഞെന്നായിരുന്നു ഇതിനോട് സിദ്ധരാമയ്യ പ്രതികരിച്ചത്. സത്യം പറഞ്ഞതിന് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. മേയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പാര്‍ട്ടി നേതാക്കളെ കാണാനെത്തിയതായിരുന്നു അമിത് ഷാ.

ഇത് രണ്ടാം തവണയാണ് അമിത്ഷാ യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് വിളിക്കുന്നത്. മുന്‍പ് യെദ്യൂരപ്പയെ അമിത് ഷാ അഴിമതിക്കാരന്‍ എന്ന് വിളിക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍ തലവന്‍ ദിവ്യ സ്പന്ദന ട്വീറ്റ്് ചെയ്തിട്ടുണ്ട്. ‘യെദ്യൂരപ്പയെക്കുറിച്ച് അമിത്ഷായുടെ മനസില്‍ എന്താണ്’ എന്നാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

https://twitter.com/divyaspandana/status/978541627152195584