താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയാണ്; വിജയ് ആരാധകന് അജിത്തിന്റെ മറുപടി

single-img
27 March 2018

ഒരുപാട് ആരാധകരുള്ള നടനാണ് തല അജിത്ത്. തികച്ചും സാധാരണ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന അജിത്ത് മകളുടെ സ്‌പോര്‍ട്‌സ് കാണാന്‍ സ്‌കൂളില്‍ താരജാഡയില്ലാതെ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം അജിത്ത് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എത്തിയിരുന്നു.

പൊതുപരിപാടികളില്‍ പങ്കെടുക്കാത്ത അജിത്തിന് കോളെജിലെന്താണ് കാര്യം എന്നാണ് ആരാധകരുടെ ചോദ്യം. പഠിക്കാന്‍ പോയതാണ് താരം. ക്വാഡ് കോപ്ട്ടര്‍ എന്നൊരു പ്രൊജക്ട് ആ കോളെജില്‍ നടക്കുകയാണ്. അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാണ് താരം എത്തിയത്.

കോളെജിലെത്തിയ അജിത്തിനെ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികളും ആളുകളും പുറത്ത് കാത്തിരുന്നു. ഏകദേശം 12 മണിക്കൂറോളമാണ് കാത്തിരുന്നത്. അര്‍ധരാത്രിയോടെയാണ് താരം പുറത്തിറങ്ങിയത്. തലയെ കാത്തിരുന്ന കൂട്ടത്തില്‍ വിജയ് ആരാധകനും ഉണ്ടായിരുന്നു.

അജിത്ത് പുറത്തിറങ്ങിയപ്പോള്‍ 12 മണിക്കൂറായി താങ്കളെ കാണാന്‍ കാത്തിരിക്കുകയാണെന്ന് വിജയ് ആരാധകന്‍ പറഞ്ഞു. താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയാണെന്നായിരുന്നു ഇതിന് അജിത്തിന്റെ മറുപടി. അജിത്ത് തമിഴ് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞു.