അഭയകേസില്‍ വിചാരണയ്ക്ക് തടസമില്ലെന്ന് ഹൈക്കോടതി; പ്രതികളുടെ വാദം തളളി

single-img
27 March 2018

അഭയ കേസില്‍ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് നാളെ ആരംഭിക്കുന്ന വിചാരണ തടയണമെന്ന ആവശ്യം പ്രതിഭാഗം മുന്നോട്ടുവച്ചത്.

ഇത് നിഷേധിച്ച കോടതി വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരായ ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും വ്യക്തമാക്കി. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിചാരണ നടപടികളും ആരംഭിക്കുന്നത്. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണിത്.

നേരത്തെ, രണ്ടു പ്രതികളും നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മറ്റൊരു പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ആറുമാസം കഴിഞ്ഞ് പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണ് കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്ക് കടന്ന് സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്ത് സിബിഐ വാദിച്ചു. വിടുതല്‍ ഹര്‍ജികള്‍ കോടതി അംഗീകരിച്ചാല്‍ ഇരുവരും പ്രതികളല്ലാതാകുന്ന സാഹചര്യമുണ്ടായിരുന്നു.