വയല്‍ കിളികള്‍ ചെങ്ങന്നൂരിലേക്കെന്ന് സൂചന നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റ്: മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്; ബുധനാഴ്ച ഗഡ്കരിയുമായി കൂടിക്കാഴ്ച

single-img
26 March 2018

കോഴിക്കോട്: കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വയല്‍കിളികള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. വയല്‍കിളികള്‍ ചെങ്ങന്നൂരില്‍ സാന്നിധ്യമറിയുക്കുന്ന സുചനകള്‍ നല്‍കി കീഴാറ്റൂര്‍ സമര നേതാവായ സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എരണ്ടകളും കഴുകന്‍മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനിടെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും.

ഗഡ്കരിയെ കാണാന്‍ പിണറായി സമയം തേടിയതായാണു റിപ്പോര്‍ട്ട്. കീഴാറ്റൂര്‍ സമരത്തെ പരോക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രി ഗഡ്കരിയെ കാണാന്‍ ഒരുങ്ങുന്നത്. നമ്മുടെ നാട്ടില്‍ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്.

നല്ല കാര്യങ്ങള്‍ നടത്തുന്നതിനു ചിലര്‍ തടസ്സമാകുന്നു. എതിര്‍പ്പുള്ളവരുടെയെല്ലാം എതിര്‍പ്പ് അവസാനിപ്പിച്ചു വികസനം കൊണ്ടുവരിക പ്രായോഗികമല്ല. വികസനത്തിന് എതിരു നില്‍ക്കുന്ന രീതി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

അതേസമയം, കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമര രീതി മാറ്റാനുള്ള തയാറെടുപ്പിലാണു വയല്‍ക്കിളികള്‍. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി ആകാശപ്പാത നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയല്‍ക്കിളികള്‍. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു.