യുഎഇയില്‍ പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങിയ മലയാളി യുവതികളെ രക്ഷപ്പെടുത്തി

single-img
26 March 2018

അജ്മാന്‍: നാട്ടില്‍നിന്ന് സന്ദര്‍ശകവിസയിലെത്തി പെണ്‍വാണിഭസംഘത്തിലകപ്പെട്ട മലയാളി യുവതികളെ അജ്മാന്‍ പോലീസ് രക്ഷപ്പെടുത്തി. കായംകുളം സ്വദേശിനികളായ രണ്ട് യുവതികളെയാണ് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.

കായംകുളത്തെ സാമൂഹിക പ്രവര്‍ത്തകരാണ് അജ്മാനിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ വിവരമറിയിച്ചത്. അസോസിയേഷന്‍ ഭാരവാഹികള്‍ അജ്മാന്‍ പോലീസിന് വിവരം കൈമാറി.

പോലീസിന്റെ സമയോചിത ഇടപെടലാണ് രണ്ട് യുവതികള്‍ക്ക് പുറത്തുകടക്കാന്‍ വഴിയൊരുങ്ങിയത്. മലയാളികളായ അഞ്ചുയുവതികളാണ് ഫ്‌ളാറ്റില്‍ കുടുങ്ങിയതെന്നാണ് വിവരം. പോലീസ് എത്തുമ്പോള്‍ മൂന്നുപേര്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല.

കാസര്‍കോട് സ്വദേശിയാണ് പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സംശയം. യുവതികളെ രണ്ടാഴ്ചമുമ്പാണ് ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇ.യില്‍ എത്തിച്ചത്.