സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനവും രാജിവച്ചു; ടീമിനെ രഹാനെ നയിക്കും

single-img
26 March 2018

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. ടീമിനെ ഇനി മുതല്‍ അജിങ്ക്യ രഹാനെ നയിക്കും.

അടുത്ത മാസം ഏപ്രില്‍ ഏഴ് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഒത്തുകളി വിവാദത്തില്‍പ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രില്‍ ഒമ്പതിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സിന്റെ ആദ്യ മത്സരം.

പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദം പുറത്തായതോടെ കഴിഞ്ഞ ദിവസം സ്മിത്ത് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനവും ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗുരുതരമായ അച്ചടക്ക ലംഘനത്തിന് സ്മിത്തിന് ഒരു ടെസ്റ്റില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഐസിസി ചുമത്തിയിരുന്നു. ഐസിസി അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.2.1 പ്രകാരമായിരുന്നു ശിക്ഷ.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ 43ആമത്തെ ഓവറിലാണ് ഓസിസ് താരം ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത്. മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങ്ങും റിച്ചാഡ് ഇലിങ്വര്‍ത്തും ബാന്‍ക്രോഫ്റ്റിനോട് കാര്യമെന്താണെന്ന് തിരക്കി.

പക്ഷേ, മഞ്ഞ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്. എന്നാല്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്. വിവാദം കൊഴുത്തതോടെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ക്യാപ്ടന്‍ സ്മിത്ത് നിര്‍ബന്ധിതനാവുകയായിരുന്നു.

അതേസമയം ടീമിന്റെ വൈസ് ക്യാപ്ടന്‍ പദവി രാജിവച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ വാര്‍ണര്‍ക്കെതിരെയും നടപടിക്ക് സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.