സൗദി അറേബ്യയിലെ നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍: മലയാളി നഴ്‌സുമാര്‍ക്കും പണിപോകും

single-img
26 March 2018

Support Evartha to Save Independent journalism

കൊച്ചി: സ്വദേശിവത്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ’ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് ഇവരെ ആശങ്കയിലാക്കിയത്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്നാണു പുതിയനിയമ ഭേദഗതിയില്‍ പറയുന്നത്.

2005 നു മുമ്പു പരീക്ഷ പാസായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് ജോലിക്കു കയറിയ നഴ്‌സുമാര്‍ക്കാണു പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.

മന്ത്രാലയം ഈ നിയമത്തില്‍ ഉറച്ചു നിന്നാല്‍ പിരിച്ചു വിടേണ്ടി വരും എന്ന മുന്നറിയിപ്പു നഴ്‌സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കി കഴിഞ്ഞു. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായാണു മലയാളി നഴ്‌സുമാര്‍ സൗദിയില്‍ ജോലി ചെയ്യുന്നത്.

ഇതിന്റെ അടിസ്ഥനത്തിലാണ് ഇവര്‍ക്കു ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. നിതാഖത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഈ നടപടി. സംഭവത്തില്‍ മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്കു നിവേദനം നല്‍കി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കര്‍ ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.