സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല; പോലീസിന്റേത് കിരാത ഭരണം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

single-img
26 March 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മലപ്പുറം, ആലപ്പുഴ, കോട്ടയം, മലയിന്‍കീഴ് എന്നിവിടങ്ങളിലെ പൊലീസ് അതിക്രമങ്ങള്‍ ഉന്നയിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. അവര്‍ നിയമം കയ്യിലെടുക്കുകയും ജനങ്ങളോടു മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത്തരം സഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല.

പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. പൊലീസിനുമേല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി ട്യൂഷനെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറുപടി നല്‍കിയ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. പോലീസ് ഉള്‍പ്പെടെയുണ്ടാകുന്ന ഒറ്റപ്പെട്ട അക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ക്ക് മാതൃകാപരമായ നപടിയുണ്ടാകും.

ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ സംഭവങ്ങളില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയില്ലാത്തതിനാലാണ് എ.കെ.ബാലന്‍ മറുപടി നല്‍കിയത്. അതേസമയം, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.