ലോകറെക്കോര്‍ഡിലിടം നേടി മഴവില്ല്; മാനത്ത് വിരിഞ്ഞ് നിന്നത് 9 മണിക്കൂര്‍ (വീഡിയോ)

single-img
26 March 2018

തായ്‌വാനിലെ തായ്‌പെയ്ല്‍ 9 മണിക്കൂറോളം വിരിഞ്ഞുനിന്ന മഴവില്ല് ലോക റെക്കോര്‍ഡിലിടം നേടി. 2017 ഡിസംബര്‍ 30ന് വിരഞ്ഞ മഴവില്ലാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. രാവിലെ 6.35ന് വിരിഞ്ഞ മഴവില്ല് വൈകുന്നേരം 4 മണി വരെയാണ് നീണ്ടുനിന്നത്.

സമീപത്തുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് മഴവില്ലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ലോക റെക്കോര്‍ഡിനായി അയച്ചത്. മഴവില്ലിന്റേതായി ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് പതിനായിരത്തോളം ചിത്രങ്ങളും വീഡിയോയും ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്തി കൃത്രിമമല്ലെന്ന് തെളിഞ്ഞതോടെയാണ് ഗിന്നസ് റെക്കോര്‍ഡ് തായ്‌വാനില്‍ വിരിഞ്ഞ മഴവില്ല് സ്വന്തമാക്കിയത്.

1994ല്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ വിരിഞ്ഞ മഴവില്ലിന്റെ റെക്കോര്‍ഡാണ് തായ്‌വാനില്‍ വിരിഞ്ഞ മഴവില്ല് തകര്‍ത്തത്. 6 മണിക്കൂറായിരുന്നു ഇംഗ്ലണ്ടിലെ മഴവില്ലിന്റെ റെക്കോര്‍ഡ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം ഏറെ നേരം നീണ്ടു നിന്നതാണ് മഴവില്ല് മണിക്കൂറുകളോളം വിരിഞ്ഞുനില്‍ക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.