പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത്: രണ്ട് വര്‍ഷത്തിനുള്ളില്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ

single-img
26 March 2018

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംസ്ഥാനത്തെ മന്ത്രി മന്ദിരങ്ങളിലെ ധൂര്‍ത്തിന് കുറവില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്.

വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. മുഖ്യമന്ത്രിയുടേതുള്‍പ്പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി 50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവിട്ടത്. പി.ആര്‍.ഡി(പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) വഴി മാത്രം ചിലവിട്ട തുകയുടെ കണക്കാണിത്.

പത്രദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചിലവാക്കിയത്. രണ്ട് കോടിയോളം രൂപയാണ് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പരസ്യപ്രചരണത്തിനായി സര്‍ക്കാര്‍ ചിലവാക്കിയത്.

മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ വന്‍തുകയാവും ഇനിയുള്ള ദിവസങ്ങളിലും പരസ്യപ്രചരണത്തിനായി ചിലവിടുകയെന്നാണ് സൂചന.

നേരത്തെ, മന്ത്രിമന്ദിരങ്ങളില്‍ ആഡംബരത്തിനായി ചെലവിട്ടത് ഒരു കോടി രൂപയോളമാണ്. കൂടുതല്‍ ചെലവഴിച്ചതു മുന്‍മന്ത്രി ഇ.പി. ജയരാജനാണ്. 13 ലക്ഷത്തില്‍പ്പരം രൂപ ഇപി ചെലവിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 12.42 ലക്ഷവുമായി രണ്ടാമതും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്‍പതര ലക്ഷവുമായി മൂന്നാമതുമാണ്.

മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ആകെ ചെലവായത് 82,35,743 രൂപ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരുടെ ഔദ്യോഗിക വസതികളില്‍ നടത്തിയ മരാമത്തു പണികള്‍ക്കായി ചെലവായ തുകയാണു വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി. ബിനുവിനു ലഭിച്ചത്.