ഫെയ്‌സ്ബുക്കില്‍ മൂന്ന് ലക്ഷം ലൈക്കുകള്‍ എങ്കിലും നേടണം; ബിജെപി എംപിമാര്‍ക്ക് നിര്‍ദേശവുമായി മോദി

single-img
26 March 2018

ബിജെപി എംപിമാര്‍ ഫെയ്‌സ്ബുക്കില്‍ മൂന്ന് ലക്ഷം ലൈക്കുകള്‍ എങ്കിലും നേടണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷായുടെയും പ്രധാനമന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എംപിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

സ്വന്തം ഫെയ്‌സ്ബുക്ക് പേജിന് മൂന്ന് ലക്ഷം ലൈക്കുകള്‍ ലഭിച്ചാല്‍ മണ്ഡലത്തിലുള്ളവരോട് എംപിമാര്‍ വീഡിയോ കോള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭിക്കുന്ന ഓരോ ലൈക്കും സത്യസന്ധമായിരിക്കണം.

ലൈക്കുകള്‍ നേടുന്നതിനായി കമ്പനികളെയോ, ഏജന്‍സികളെയോ ഏല്‍പ്പിക്കരുത് എന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. യോഗത്തില്‍ പങ്കെടുത്ത എംപിമാരോട് ഫെയ്‌സ്ബുക്ക് സജീവമായി ഉപയോഗിക്കുന്നവരോട് കൈയുയര്‍ത്താനായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

അതില്‍ മിക്ക എംപിമാരും കൈ ഉയര്‍ത്തിയിരുന്നു. പിന്നീട് സ്വന്തം പേജില്‍ മൂന്ന് ലക്ഷം ലൈക്കുകള്‍ ഉള്ളവരോട് കൈ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ വളരെ കുറച്ച് എംപിമാര്‍ മാത്രമാണ് കൈ ഉയര്‍ത്തിയത്. 2019 ല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനു മുന്നോടിയായാണ് പ്രധാനമന്ത്രി എംപിമാരോടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുന്നത്.