സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് കൂട്ട മിസൈലാക്രമണം: വീഡിയോ

single-img
26 March 2018



സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലാക്രമണം. സൗദി പ്രാദേശിക സമയം ഇന്നലെ രാത്രി 11.30നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. യമനിലെ ഹൂതി തീവ്രവാദികള്‍ ഏഴ് മിസൈലുകളാണ് അയച്ചത്. ഇതില്‍ മൂന്നെണ്ണം തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യം വെച്ചാണ് എത്തിയത്.

രണ്ടെണ്ണം ജസാനെയും ലക്ഷ്യം വെച്ചു. ഖമീശ് മുശൈതിലേക്കും നജ്‌റാനിലേക്കുമായിരുന്നു മറ്റുള്ളവ. എന്നാല്‍ ഏഴു മിസൈലുകളും സൗദിയുടെ പ്രതിരോധ സംവിധാനം ആകാശത്ത് വെച്ച് തകര്‍ത്തു. ഇതാദ്യമായാണ് ഹൂതികള്‍ സൗദിക്ക് നേരെ കൂട്ട മിസൈലാക്രമണം നടത്തുന്നത്.

മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈജിപ്ത് പൗരനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ റിയാദില്‍ ആര്‍ക്കും പരിക്കില്ല. കാര്യമായ നാശനഷ്ടങ്ങളും റിപ്പോട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളാണ് മിസൈലുകള്‍ ലക്ഷ്യം വെച്ചതെന്ന് സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു.

കഴിഞ്ഞ നവംമ്പര്‍ മുതല്‍ അഞ്ച് തവണ ഹൂതികള്‍ സൗദിയിലേക്ക് മിസൈലയച്ചിട്ടുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിമത സായുധ സംഘമാണ് ഹൂതികള്‍. ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചു. ഹുതികള്‍ക്ക് ഇറാന്‍ ആയുധമെത്തിക്കുന്നതിന്റെ തെളിവുകള്‍ നേരത്തെ സൗദിയും അമേരിക്കയും പുറത്ത് വിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രശ്‌നം വഷളാകുമെന്നാണ് സൂചന.