ലോകത്തിലെ ഏറ്റവും നിഗൂഢമായ ദിനോസര്‍ ഫോസില്‍ ലേലത്തിന്

single-img
26 March 2018

ലോകത്തിലെ ഏറ്റവും നിഗൂഢമായ ദിനോസര്‍ ഫോസില്‍ ലേലത്തിന്. ജൂണിലാണ് ലേലം. പാരിസില്‍ ഐഫല്‍ ടവറിന്റെ ആദ്യത്തെ നിലയിലാണ് ലേലം നടക്കുക. 22 ലക്ഷം ഡോളറില്‍ (ഏകദേശം 15 കോടി ഇന്ത്യന്‍ രൂപ) കുറയാതെ ലേലം നടക്കുമെന്നാണ് പ്രതീക്ഷ.

യൂറോയിലോ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനിലോ ലേലം വിളിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2013ല്‍ യുഎസിലെ വ്യോമിങ്ങില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തുന്നത്. ഈ ഫോസിലുമായി ബന്ധപ്പെട്ടുള്ള മറ്റൊരു തരം ദിനോസറുകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതിനാല്‍ ഇത് ഏത് വിഭാഗം ദിനോസറില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഗവേഷകര്‍ ആശയക്കുഴപ്പത്തിലാണ്. നിലവില്‍ തെറോപോഡ് വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി അടക്കിവാണിരുന്ന വിഭാഗമായിരുന്നു തെറോപോഡുകള്‍. മാംസഭോജികളായിരുന്നു ഇവ.

ഒന്‍പത് മീറ്ററോളം നീളമുള്ള ഫോസിലിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തപ്പോള്‍ 70 ശതമാനവും പൂര്‍ത്തിയായ നിലയിലായിരുന്നു. കാല്‍പ്പാദങ്ങളില്‍ മൂന്ന് വിരലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മ്യൂസിയങ്ങളും അമൂല്യവസ്തുക്കള്‍ ശേഖരിക്കുന്ന വ്യക്തികളും നാളുകളായി ലക്ഷ്യംവെച്ചിരുന്ന ഫോസിലാണിത്.