മോദിക്കു പിന്നാലെ കോണ്‍ഗ്രസിനും ‘ആപ്പ്’ ആപ്പായി: കോണ്‍ഗ്രസ് ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കി

single-img
26 March 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആപ്പിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട് ആല്‍ഡേഴ്‌സന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ആപ്പ് നീക്കം ചെയ്തത്. താന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആപ്ലിക്കേഷന്‍ നീക്കം ചെയ്‌തോ എന്ന് ചോദിച്ച് ആല്‍ഡേഴ്‌സന്‍ ട്വിറ്ററില്‍ രംഗത്തുവന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പ് അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന് വിവരങ്ങള്‍ കൈമാറുന്നുവെന്ന് ആല്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനെ പരിഹസിച്ച് കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വാര്‍ത്തകളില്‍ ഇടം നേടിയതോടെ കോണ്‍ഗ്രസ് ആപ്പിനെതിരെ ആരോപണവുമായി ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തുവന്നു. കോണ്‍ഗ്രസ് ആപ്പ് സിംഗപ്പൂര്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്നും ആപ്പിന്റെ ഡിസ്‌ക്ലൈമറിലുള്ള വിവരങ്ങളനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസ് സ്വകാര്യ വിവരങ്ങള്‍ കൈമാറാമെന്നും അമിത് ആരോപിച്ചു.

അത് കേംബ്രിഡ്ജ് അനലറ്റിക്കയോ ചൈനീസ് എംബസിയോ ചിലപ്പോള്‍ മാവോയിസ്റ്റുകള്‍ വരെയാവാന്‍ സാധ്യതയുണ്ടെന്നും അമിത് വ്യക്തമാക്കിയിരുന്നു. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത് എത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘നമോ’യുടെ ഉപയോക്താക്കളെല്ലാം എത്രയും വേഗം അത് നീക്കം ചെയ്യണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയുള്ള രാഹുലിന്റെ ആഹ്വാനം.

നമോ ആപ്പിലൂടെ ഉപയോക്താക്കളുടെ വീഡിയോ, ഓഡിയോ ശകലങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും, ജി.പി.എസ് മുഖേന ഉപഭോക്താവിന്റെ വാസസ്ഥലം വരെ കണ്ടെത്തുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയെ പരോക്ഷമായി ജനങ്ങള്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്ന ‘ബിഗ് ബോസ്’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. 13 ലക്ഷത്തോളം എന്‍.സി.സി കേഡറ്റുകളെ നിര്‍ബന്ധിപ്പിച്ച് ആപ് ഡൗണ്‍ലോഡ് ചെയ്യിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ രാഹുല്‍ പറയുന്നു.

കഴിഞ്ഞ ദിവസവും മോദിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പരിഹാസ ശരം അയച്ചിരുന്നു. ‘ഹായ് എന്റെ പേര് നരേന്ദ്രമോദി, ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ അമേരിക്കന്‍ കമ്പനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദി ആപ്പില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.