അനധികൃത മണല്‍കടത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

single-img
26 March 2018

 

ഭോപ്പാല്‍: മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊന്നു. മധ്യപ്രദേശിലെ കോട്‌വാലിയിലാണ് ദേശീയ ചാലനലിലെ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ (35) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോഴാണ് പിന്നാലെവന്ന ടിപ്പര്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മക്ക് വധഭീഷണിയുണ്ടായിരുന്നു. ഒളികാമറ ഉപയോഗിച്ച് സന്ദീപ് ശര്‍മ നടത്തിയ വാര്‍ത്തയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയിരുന്നു.

പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കാട്ടി സന്ദീപ് ശര്‍മ പരാതി നല്‍കിയിരുന്നു.

പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ സന്ദീപ് ശര്‍മ സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന ലോറി ഇടിപ്പിക്കുന്നതും നിര്‍ത്താതെ പോകുന്നതും വ്യക്തമാണ്. കോട്‌വാലി പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുവെച്ചാണ് സംഭവം നടന്നത്. അപകടമുണ്ടായി ഉടന്‍തന്നെ സന്ദീപ് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.