സര്‍വേ ഫലത്തില്‍ ഞെട്ടി ബിജെപി:കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ

single-img
25 March 2018

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്.224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഡെക്കാണ്‍ ക്രോണിക്കലാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനമാണ് കോണ്‍ഗ്രസിന് ഇത്രയധികം ജനസ്വീകാര്യതക്കു കാരണമായി ബി.ജെ.പി വിലയിരുത്തല്‍.ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാരെ അകറ്റാനിടയാക്കുമെന്ന് കണ്ടെത്തലുണ്ട്. മോദി ബ്രാന്റ് പുറത്തിറക്കി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനാണ് പാര്‍ട്ടി പദ്ധതി തയാറാക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായുള്ള ക്ഷേത്ര സന്ദര്‍ശനവും മുഖ്യമന്ത്രി സിദ്ധാരാമയ്യ ലിംഗായത്തുകളെ പ്രത്യേകമതമായി പ്രഖ്യാപിച്ചതുമെല്ലാം ഹിന്ദുത്വവോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്തിന്റെ വിലയിരുത്തല്‍. ഇതിനെ നേരിടാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സഹായം തേടാനാണ് നേതാക്കളുടെ തീരുമാനം.സമുദായ നേതാക്കളെ നേരില്‍ സന്ദര്‍ശിച്ചും, പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച്‌ റാലികള്‍ സംഘടിപ്പിച്ചും പരിഹാരം കണ്ടെത്താനാണ് നേതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.