അന്യഗ്രഹജീവിയുടെ അസ്ഥികൂടം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

single-img
25 March 2018

Credit: Bhattacharya S et al. 2018

ഒടുവില്‍ ശാസ്ത്രജ്ഞര്‍ ആ നിര്‍ണായക രഹസ്യം പുറത്ത് വിട്ടു. ചിലെയില്‍ നിന്ന് ലഭിച്ച ആറിഞ്ച് നീളമുള്ള അസ്ഥികൂടം സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വിട്ടത്. ജനനത്തിന് പിന്നാലെ മരണമടഞ്ഞ ജനിതകവൈകല്യമുള്ള പെണ്‍കുട്ടിയുടെ അസ്ഥികൂടമാണിതെന്ന് ശാസ്തരജ്ഞര്‍ സ്ഥിരീകരിച്ചു. സിനിമകളില്‍ കാണുന്നത് പോലെയുള്ള അന്യഗ്രഹജീവികളുടേതിന് സമാനമായ അസ്ഥികൂടം കണ്ടെത്തിയതിന് പിറകെ നിരവധി കഥകളും ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത്തരം കഥകളുടെ നിജസ്ഥിതിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്റ്റാന്‍ഫഡ്,കലിഫോര്‍ണിയ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് അസ്ഥികൂടത്തിന്റെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തിയത്. സാധാരണ മനുഷ്യന് 12 ജോഡി വാരിയെല്ലുകള്‍ ഉണ്ടാകുമ്പോള്‍ ഈ അസ്ഥികൂടത്തിന് 10 ജോടി മാത്രമേ ഉണ്ടായിരുന്നുള്ളു.എട്ട് വയസുള്ള പെണ്‍കുട്ടിയുടേതിന് സമാനമായിരുന്നു അസ്ഥികൂടത്തിന്റെ എല്ലുകള്‍. തലയോട്ടിയാകട്ടെ നീളമുള്ള രീതിയിലും. അന്യഗ്രഹജീവികള്‍ ഉണ്ടെന്നതിന് തെളിവാണ് കണ്ടെത്തിയ അസ്ഥികൂടമെന്ന വാദമാണ് നീണ്ടകാലത്തെ ഗവേഷണ പരീക്ഷണങ്ങളിലൂടെ പൊളിഞ്ഞത്.അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് ഈ കുഞ്ഞന്‍ അസ്ഥികൂടം കണ്ടെത്തിയത്.

മജ്ജയില്‍ നിന്നു ശേഖരിച്ച ഡിഎന്‍എകളാണ് കണ്ടെത്തലിന് സഹായകമായത്. നാല് വര്‍ഷത്തെ ഗവേഷണങ്ങളാണ് വിജയകരമായി യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വന്നത്. ഇത്തരം ജനിതകവൈകല്യങ്ങള്‍ അത്യപൂര്‍വ്വമാണെന്നും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വിദഗ്ദ്ധര്‍ വിശദീകരിച്ചു