മലയാളികളെ ഐഎസില്‍ ചേര്‍ത്ത കേസ്: പ്രതി യാസ്മിന്‍ കുറ്റക്കാരി, ഏഴുവര്‍ഷം തടവ്

single-img
24 March 2018

Support Evartha to Save Independent journalism

കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഭീകരസംഘടനയായ ഐഎസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നതാണ് കേസ്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ്. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്. കേസിലെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കേരളാ പൊലീസാണു ബിഹാര്‍ സ്വദേശി യാസ്മിനെ അറസ്റ്റ് ചെയ്തത്.

കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുല്ല റഷീദിനടുത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. യാസ്മിന് എതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് എടുത്തത്. ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി യാസ്മിന്‍ അഹമ്മദിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.

കേരളത്തില്‍ കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിന്‍, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.