നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം: ‘നമോ ആപ്പ്’ ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററില്‍ ആഹ്വാനം

single-img
24 March 2018

Donate to evartha to support Independent journalism

#DeleteNaMoApp എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആവുന്നു. 50 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക കമ്പനി ചോര്‍ത്തിയ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പായ നമോ ആപ്പ്’ ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആപ്പ് സര്‍ക്കാരിന്റെയല്ലെന്നും നരേന്ദ്രമോദിയുടെ വ്യക്തിപരമായ ആപ്പ് ആണെന്നും ട്വിറ്റര്‍ കാമ്പയിന്‍ ഓര്‍മ്മിപ്പിക്കുന്നു. ഫോണിലെ കോണ്‍ടാക്ട്‌സ്, ക്യാമറ, ലൊക്കേഷന്‍, മൈക്രോഫോണ്‍, ഗാലറി തുടങ്ങിയ പെര്‍മിഷനുകളാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചോദിക്കുന്നത്.

ഇതില്‍ മിക്കതും ആപ്പിന്റെ പ്രവര്‍ത്തനത്തിന് അനാവശ്യമാണെന്നും ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടാവാമെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ പറയുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകള്‍ വിവരശേഖരണത്തിനായി ഇത്തരം പെര്‍മിഷനുകള്‍ ചോദിക്കാറുണ്ട്.

പെര്‍മിഷനുകള്‍ ഒന്നും തന്നെ നിര്‍ബന്ധമില്ലെന്ന് ആപ്പ് ഡിസ്‌ക്രിപ്ഷനില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും നിര്‍ബന്ധമില്ലാത്തതും ആവശ്യമില്ലാത്തതുമായ പെര്‍മിഷനുകള്‍ എന്തിനാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ട്വിറ്ററിന്റെ ചോദ്യം. 2015 ജൂണ്‍ 17 നാണ് നരേന്ദ്രമോദി ആപ്പ് പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പദ്ധതികളും വിവരിക്കുന്നതായിരുന്നു ആപ്പ്.