പീഡനക്കേസില്‍ വിചാരണക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചു: സംഭവം തിരുവനന്തപുരം പോക്‌സോ കോടതിയില്‍

single-img
24 March 2018

തിരുവനന്തപുരം: പീഡനക്കേസില്‍ വിചാരണയ്‌ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചതായി പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ നടത്തുന്ന പോക്‌സോ കോടതിയിലാണ് സംഭവം. പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണയ്‌ക്കെത്തിയ പ്രതിയാണ് കോടതിജീവനക്കാരിയെ കടന്നുപിടിച്ചത്.

കോടതിനിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് പുന്നപുരം സന്തോഷിനെതിരേ കേസെടുത്തു. കോടതിമുറിയിലേക്ക് ഫയലുമായെത്തിയ ജീവനക്കാരിയെയാണ് കടന്നുപിടിച്ചത്. ഭയന്ന ജീവനക്കാരി വിവരം ജഡ്ജിയെ ധരിപ്പിച്ചു. ജഡ്ജി നിര്‍ദേശിച്ചതനുസരിച്ച് കോടതിയിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടി വഞ്ചിയൂര്‍ പോലീസിന് കൈമാറുകയായിരുന്നു.

ജഡ്ജി നേരിട്ട് ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയുടെ അഭിഭാഷകന്‍ ഉടന്‍തന്നെ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു. പെരുന്താന്നി മാനവനഗറിന് സമീപംവെച്ചാണ് ഇയാള്‍ പതിമൂന്നുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

2015 ജൂണ്‍ 16നായിരുന്നു സംഭവം. ഇതിനുമുമ്പും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് അന്നും ഇയാള്‍ക്കെതിരേ കേസെടുത്തത്. ഈ കേസിന്റെ വിചാരണയുടെ പ്രാരംഭഘട്ടം പൂര്‍ത്തിയായിരുന്നു. സാക്ഷികളെ വിസ്തരിക്കുന്നതിനാണ് വെള്ളിയാഴ്ച കോടതി കേസ് പരിഗണിച്ചത്.