ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദങ്ങളിലൊന്ന് ചരിത്രത്തിലാദ്യമായി റെക്കോര്‍ഡ് ചെയ്തു

single-img
24 March 2018

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദങ്ങളിലൊന്ന് എന്നു ശാസ്ത്രലോകം വിലയിരുത്തുന്നത് അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കു പിന്നാലെയുണ്ടാകുന്ന മിന്നലിനൊപ്പമുള്ള ശബ്ദം അഥവാ വോള്‍ക്കാനിക് തണ്ടറിന്റെ ശബ്ദമാണ്. ഈ ശബ്ദം ചരിത്രത്തിലാദ്യമായി ഗവേഷകര്‍ക്ക് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു.

അതും വളരെ വ്യക്തമായി തന്നെ. ഇന്‍ഫ്രാസൗണ്ട്, സോണിക് റെക്കോര്‍ഡിങ് ഉപകരണങ്ങളുമായിട്ടായിരുന്നു ശബ്ദം പിടിച്ചെടുത്തത്. സ്‌ഫോടനത്തെത്തുടര്‍ന്നു പുറന്തള്ളപ്പെടുന്ന പാറയും ചാരവും മറ്റു വസ്തുക്കളും പരസ്പരം ഉരസി ഇലക്ട്രിക് ചാര്‍ജ് സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഇവയാണ് ‘അഗ്‌നിപര്‍വത മിന്നലുകള്‍’ സൃഷ്ടിക്കുന്നത്. ആരെയും പേടിപ്പിക്കുന്ന മുഴക്കത്തോടെയാണ് ഇവ മിന്നുന്നതും. എന്നാല്‍ ചിലപ്പോള്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുക മിന്നലുകളേക്കാള്‍ ശബ്ദത്തോടെയായിരിക്കും. ഒപ്പം കൊടുംചൂടേറിയ വാതകങ്ങളും ചാരവും ലാവയും ഒക്കെയായി ആകെ ബഹളമയമായിരിക്കും.

ആ വന്‍ ശബ്ദങ്ങള്‍ക്കിടയില്‍ ഇടിമുഴക്കം കേള്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമ്പോള്‍ അടുത്തു പോയി ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കില്ല. അതിനാല്‍ എങ്ങനെയും ആ ശബ്ദം പിടിച്ചെടുക്കാന്‍ ഒരു കൂട്ടം ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. അലാസ്‌കയിലെ ബൊഗോസ്‌ലാഫ് അഗ്‌നിപര്‍വതമാണ് അവര്‍ അതിനായി തിരഞ്ഞെടുത്തത്.

അഗ്‌നിപര്‍വത സ്‌ഫോടനം കഴിഞ്ഞാലും ഇവിടെ ഏറെക്കാലം അന്തരീക്ഷത്തില്‍ ചാരം കെട്ടിനില്‍ക്കാറുമുണ്ട്. അതോടൊപ്പം വോള്‍ക്കാനിക് തണ്ടറും. അങ്ങനെയാണ് ‘ദി അലാസ്‌ക വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി’യിലെ ഗവേഷകര്‍ 2017 മാര്‍ച്ചിലും ജൂണിലുമുണ്ടായ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനം റെക്കോര്‍ഡ് ചെയ്തത്. അതും അഗ്‌നിപര്‍വതത്തിന്റെ 60 കിലോമീറ്റര്‍ മാറി. കാത്തിരിപ്പിനൊടുവില്‍ സ്‌ഫോടനം തീരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ ഗവേഷകര്‍ക്ക് ആ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു.