മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രബാബു നായിഡുവിന് അമിത്ഷായുടെ കത്ത്

single-img
24 March 2018

ന്യൂഡല്‍ഹി: എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) തീരുമാനം നിര്‍ഭാഗ്യകരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ടിഡിപിയുടെ തീരുമാനം ഏകപക്ഷീയമായി പോയെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രബാബു ചെയ്തത് വിഭജന രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആന്ധ്രയ്ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അമിത്ഷായുടെ കത്ത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു ടിഡിപി. ആദ്യ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു തന്നെ സഖ്യത്തിലെ പ്രധാന കണ്ണിയായിരുന്ന ടിഡിപി ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാരോപിച്ചാണ് പുറത്തു പോയത്.

ഈ തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തേക്കാളുപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണ് എന്ന് അമിത് ഷാ കത്തില്‍ പറയുന്നു. ടിഡിപി എന്‍ഡിഎ വിടുന്നതിന് തൊട്ടു മുമ്പ് അവരുടെ മന്ത്രിമാര്‍ രാജിവെച്ചിരുന്നു. അതിന് മുമ്പ് ആന്ധ്ര മന്ത്രിസഭയിലെ ബിജെപി അംഗങ്ങളും രാജിനല്‍കി. ആന്ധ്രയിലെ ടിഡിപിയുടെ പ്രധാന എതിരാളിയായ വൈഎസ് ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.