അമിത് ഷായുടെ കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു

single-img
24 March 2018

Support Evartha to Save Independent journalism

എൻഡിഎ വിട്ട ടിഡിപിയുടെ നടപടിയെ വിമർശിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കടുത്ത പ്രതികരണവുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. എൻഡിഎ വിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷാ തനിക്കെഴുതിയ തുറന്ന കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നതു ബിജെപിയുടെ മനോഭാവത്തെയാണു വെളിവാക്കുന്നതെന്നും നായിഡു വിമർശിച്ചു.

കേന്ദ്രസർക്കാർ ആന്ധ്രാപ്രദേശിനായി ഒട്ടേറെ ഫണ്ടുകൾ അനുവദിച്ചെങ്കിലും അവയൊന്നും വേണ്ടവിധം വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനായില്ലെന്നാണ് അമിത് ഷാ കത്തിൽ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശ് സർക്കാരിന് കാര്യപ്രാപ്തിയില്ല എന്നു പ്രചരിപ്പിക്കാനാണ് ഇവരുടെ ശ്രമം. മികച്ച മൊത്ത ആഭ്യന്തര ഉൽപാദനവും (ജിഡിപി), കാർഷികരംഗവുമുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഒട്ടേറെ ദേശീയ പുരസ്കാരങ്ങളും ഞങ്ങളുടെ സംസ്ഥാനം നേടിയിട്ടുണ്ട്. ഇതാണ് ഈ സർക്കാരിന്റെ കാര്യപ്രാപ്തി. ഇവരെന്തിനാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്? – ചന്ദ്രബാബു നായിഡു ചോദിച്ചു.

പച്ചക്കള്ളം കുത്തിനിറച്ച അമിത് ഷായുടെ കത്ത് അവരുടെ യഥാർഥ മനോഭാവം വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയാണ് കേന്ദ്രസർക്കാർ. ആന്ധ്രാപ്രദേശിനും സമാനമായ പരിഗണന ലഭിച്ചിരുന്നെങ്കിൽ ഒട്ടേറെ വ്യവസായങ്ങൾ ഇവിടേക്കു വന്നേനെ – ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.