വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ച് മാര്‍ത്തോമ കോളേജ്: ഓരോ സെമ്മിനും ഈടാക്കുന്നത് അധികമായി 6000രൂപ; ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്

single-img
24 March 2018

ആയൂരിലെ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫീസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നതായി പരാതി. യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനെക്കാള്‍ അധിക ഫീസാണ് ഇവിടെ ഡിഗ്രി പിജി കോഴ്‌സുകള്‍ക്ക് ഈടാക്കുന്നതെന്ന് വിദ്യര്‍ഥികള്‍ പരാതിപ്പെടുന്നു.


ബികോമിന് ഒരോ സെമസ്റ്ററിനും 9000 രൂപ ഈടാക്കാമെന്നാണ് 2013ല്‍ ഹയര്‍ എജുക്കേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി 15000 രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത്.

ഇത്തരത്തില്‍ 6 സെമസ്റ്ററുകളിലായി 36000രൂപയാണ് അധികമായി ഫീസിനത്തില്‍ മാത്രം കോളേജ് അധികൃതര്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും കൈപ്പറ്റുന്നത്. ഇതിനു പുറമെ ഫീസടക്കാന്‍ വൈകിയാല്‍ 500 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്യാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ‘ഇ വാര്‍ത്തോട്’ പരാതിപ്പെട്ടു.

ഇതുകൂടാതെ ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലൈബ്രറി, ഇന്റര്‍നെറ്റ്, ലാബോറട്ടറി എന്നിവയുടെ പേരില്‍ മറ്റു ഫീസുകളും ഈടാക്കുന്നുണ്ട്. 750 രൂപയാണ് ഇന്റര്‍നെറ്റ് ഫീസ്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ‘ഇ വാര്‍ത്തയോട്’ പറഞ്ഞു.

ഈ അമിത ഫീസിനു പുറമെ കലണ്ടറിനു പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികാരികള്‍ ഫീസ് ഈടാക്കിയിട്ടുണ്ട്. ഡിഗ്രി വിദ്യാര്‍ത്ഥികളോട് മാത്രമല്ല പിജി വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ അമിത ഫീസ് വാങ്ങുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതി ‘ഇ വാര്‍ത്ത’ കോളേജ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്ങള്‍ അമിത ഫീസ് ഈടാക്കുന്നില്ലെന്നായിരുന്നു പ്രതികരണം. ആദ്യ സെമ്മിന് 6000 രൂപ അധികം വാങ്ങാറുണ്ടെങ്കിലും ആ തുക മറ്റു സെമസ്റ്ററുകളുടെ ഫീസിനത്തില്‍ കുറച്ചു നല്‍കാറുണ്ട് എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്.

എന്നാല്‍ 4ഉം 5ഉം സെമസ്റ്ററുകള്‍ക്ക് ഇത്തരത്തില്‍ ഫീസ് വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.