ഹൈവേ കൊള്ള പതിവാകുന്നു: കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ഒറ്റയ്ക്കുള്ള രാത്രിയാത്രകള്‍ ഒഴിവാക്കുക

single-img
24 March 2018

ഈസ്റ്റര്‍, വിഷു അവധികളോടനുബന്ധിച്ച് കേരളത്തിലേക്കു വരാനിരിക്കുന്ന യാത്രക്കാര്‍ ജാഗ്രതൈ’!. നിങ്ങള്‍ സ്വകാര്യ വാഹനങ്ങളിലാണ് വരുന്നതെങ്കില്‍ അതും ഒറ്റക്കാണെങ്കില്‍ രാത്രിയാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ഈ റൂട്ടില്‍ യാത്രാമധ്യേ വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ഹൈവേ കൊള്ള പതിവായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള രജിസ്‌ട്രേഷനിലുള്ള സ്വകാര്യ വാഹനങ്ങളാണ് കൂടുതലും ആക്രമണത്തിനിരയാകുന്നത്. ഒട്ടേറെ ചെറുവാഹനങ്ങളും ഹൈവേകളില്‍ ആക്രമിക്കപ്പെടാറുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മൈസൂരുവിനടുത്ത് സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്കുനേരെ ആക്രമണമുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്.

വാഹനം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. മൈസൂരുവിനടുത്തുള്ള യെലവാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച കേരളത്തിലേക്കു പോയ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ പണം കൊടുക്കാന്‍ തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് ആയുധങ്ങളുപയോഗിച്ച് ബസിന്റെ ഗ്ലാസ് തകര്‍ത്തു. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സമാനരീതിയില്‍ ആക്രമണമുണ്ടായി. ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ആവശ്യപ്പെടുന്ന പണം കൊടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടിട്ടും കൊള്ളക്കാര്‍ക്കെതിരേ ശക്തമായ പോലീസ് നടപടിയുണ്ടാകുന്നില്ലെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.

കഴിഞ്ഞവര്‍ഷം മലയാളി വാഹനങ്ങള്‍ക്കുനേരെ പത്തിലേറെ ആക്രമണങ്ങളുണ്ടായി. ഓഗസ്റ്റ് 31ന് രാത്രി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആര്‍.ടി.സി. ബസില്‍ കത്തികാട്ടി കവര്‍ച്ച നടത്തിയത് മലയാളികളെ ഞെട്ടിച്ചിരുന്നു. യാത്രികയുടെ മാലയും മൂന്നു യാത്രികരുടെ പണവും വിലപിടിപ്പുള്ള രേഖകളുമായിരുന്നു നഷ്ടപ്പെട്ടത്.

രാത്രിയാത്രാനിരോധനത്തെത്തുടര്‍ന്ന് ഉപയോഗിക്കുന്ന ബദല്‍പാതയിലെ ഹമ്പുകളില്‍ സ്വകാര്യവാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പള്‍ മുളകുപൊടി വിതറി ആക്രമിക്കുന്ന സംഭവവുമുണ്ട്. കവര്‍ച്ചയ്ക്കിരയായാല്‍ പോലീസ് നടപടികള്‍ ഭയന്ന് പരാതിനല്‍കാത്ത സംഭവങ്ങളും ഉണ്ട്. പോലീസില്‍ പരാതി നല്‍കിയതിനുശേഷം തുടര്‍ നടപടി അന്വേഷിച്ച് എത്താത്തതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

അഥവാ നിങ്ങള്‍ രാത്രിയില്‍ യാത്ര നടത്തുകയാണെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ കരുതാതിരിക്കുകയും അപരിചിതരെ കണ്ടാല്‍ വാഹനം നിര്‍ത്തുകയും ചെയ്യരുത്.