പന്ത് ബി.ജെ.പിയുടെയും കേന്ദ്രത്തിന്റേയും കോർട്ടിലേക്ക്: കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ

single-img
24 March 2018

കണ്ണൂരിലെ കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെയുള്ള വയൽക്കിളി സമരം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്ത്. ബൈപ്പാസിന് പകരം എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാദ്ധ്യത ആരാഞ്ഞുകൊണ്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗ‌ഡ്‌കരി, ദേശീയപാത അതോറിറ്റി ചെയർമാൻ എന്നിവർക്കാണ് കത്തയച്ചത്.

ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുമ്പോൾ വയൽ നഷ്ടമാവുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി. എലിവേറ്റഡ് ഹൈവേ പണിതാൽ വയൽ സംരക്ഷിക്കാനാകുമെന്നും മന്ത്രി വിശദമാക്കി. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കുക എന്ന കാര്യം മാത്രമെ സംസ്ഥാന സർക്കാരിന് ചെയ്യാനുള്ളൂ.

പാത പണിയുന്നതും മറ്റുമൊക്കെദേശീയപാത അതോറിറ്റിയാണ് തീരുമാനിക്കുന്നത്. ഹൈവേ നിർമിച്ച ശേഷം ശേഷിച്ച ഭൂമിയുണ്ടെങ്കിൽ അത് കർഷകർക്ക് തന്നെ വിട്ടുകൊടുക്കാവുന്നതേയുള്ളൂ. ഇതാണ് ഇപ്പോൾ സംസ്ഥാനത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതിലൂടെ ഇപ്പോഴത്തെ വിവാദങ്ങളിൽ നിന്ന് തലയൂരാമെന്നും സംസ്ഥാന സർക്കാർ കരുതുന്നു.