ആളുകളെ പറ്റിക്കാന്‍ ഇറങ്ങിയ അവതാരകന് കിട്ടിയത് എട്ടിന്റെ പണി

single-img
23 March 2018

ബാഴ്‌സലോണ: പ്രാങ്ക് വീഡിയോ തയ്യാറാക്കുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട അവതാരകന് കിട്ടിയത് എട്ടിന്റെ പണി. സോഷ്യല്‍ മീഡിയ കീഴടക്കാനായി വീഡിയോ നിര്‍മ്മിക്കാന്‍ ഒരു സ്ത്രീയെ ചവിട്ടി വീഴ്ത്തിയ അവതാരകനാണ് പണി കിട്ടിയത്. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം.

തന്നെ ചവിട്ടി വീഴ്ത്തിയതിന് സ്ത്രീ അവതാരകനോട് 60,000 യൂറോ( ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഈ തുക എത്രയും വേഗം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. മരിയോ ഗാര്‍ഷ്യ എന്ന യുവാവാണ് 48കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.

2015ലാണ് സംഭവം നടന്നത്. റോഡരികില്‍ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് മരിയോ ഗാര്‍ഷ്യ ഓടിയെത്തി. തുടര്‍ന്ന് ‘കുങ്ഫു കിക്കി’ലൂടെ സ്ത്രീയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തി. ഇത് കണ്ട വീഡിയോ എടുത്തവരും കണ്ടുനിന്നവരും ഉറക്കെ ചിരിച്ചപ്പോള്‍ സ്ത്രീ എഴുന്നേറ്റ് ഇവരെ ചീത്ത വിളിക്കുകയും ചെയ്തു.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെ അവസാനിച്ചില്ല. സ്ത്രീ പൊലീസില്‍ പരാതി നല്‍കി. ‘പാവപ്പെട്ട ആളുകളെ ആക്രമിക്കുന്ന ഈ വീഡിയോയില്‍ കാണുന്നയാളെ പിടികൂടാന്‍ സഹായിക്കുക’ എന്ന കുറിപ്പോടെ കാറ്റലന്‍ പൊലീസ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. വീഡിയോ വൈറലായതോടെ കുറ്റാരോപിതനായ ഗാര്‍ഷ്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

നഷ്ടപരിഹാരമായി 45,000 യൂറോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി സ്ത്രീക്ക് ഇയാള്‍ 60,000 യൂറോ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. വീഴ്ചയിലേറ്റ പരുക്ക് കാരണം 75 ദിവസങ്ങളാണ് സ്ത്രീയ്ക്ക് അവധിയെടുക്കേണ്ടിവന്നതെന്നും അവര്‍ പറഞ്ഞിരുന്നു.