സല്‍മാന്‍ ഖാനോട് സഹായമഭ്യര്‍ഥിച്ചെങ്കിലും പ്രതികരിച്ചില്ല; ക്ഷയരോഗ ബാധിതയായ മുന്‍കാല നടിയെ സഹായിക്കാനെത്തിയത് മറ്റൊരു നടന്‍

single-img
23 March 2018

മുന്‍കാല നടി പൂജ ദഡ്വാള്‍ ക്ഷയരോഗബാധിതയായി മരണത്തോട് മല്ലിടുകയാണ്. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം വേഷമിട്ട നടിയാണ് പൂജ. തന്നെ സഹായിക്കണമെന്ന് പൂജ സല്‍മാനോട് അഭ്യര്‍ഥിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം പൂജയെ കുറിച്ച് വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന് പൂജയെ സഹായിക്കാന്‍ മറ്റൊരു നടന്‍ രംഗത്തെത്തി. ഭോജ്പുരി നടന്‍ രവി കൃഷ്ണയും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നല്‍കിയത്. 1997ല്‍ പുറത്തിറങ്ങിയ തുംസേ പ്യാര്‍ ഹോഗയ എന്ന ചിത്രത്തില്‍ രവികൃഷ്ണനും പൂജയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

പൂജ രവി കൃഷ്ണനോട് നന്ദിയും അറിയിച്ചു. ആരോഗ്യത്തിന് പുറമെ സാമ്പത്തിക സ്ഥിതിയും മോശമാണെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പൂജ സല്‍മാന് വീഡിയോ സന്ദേശം അയച്ചത്. സല്‍മാന്‍ സഹായിക്കുമെന്ന് പൂജ പ്രതീക്ഷിച്ചിരുന്നു.

”ഞാന്‍ ഇന്ന് ദരിദ്രയാണ്. ഒരു ചായ കുടിക്കണമെങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ബാക്കിയുള്ളത്”, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൂജ പറഞ്ഞ വാക്കുകളാണിത്. ക്ഷയരോഗം ബാധിക്കുന്നത് വരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായിരുന്നു പൂജ.