പ്രവാസി കുടുംബങ്ങളെ പിഴിഞ്ഞ് വിമാന കമ്പനികള്‍: ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയര്‍ത്തി

single-img
23 March 2018

അവധിക്കാലം മുന്‍നിര്‍ത്തി ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ത്തി വിമാനക്കമ്പനികള്‍. സ്‌കൂളുകള്‍ക്ക് അവധിക്കാലമായതോടെ വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാനുള്ള തിരക്കിലാണ് മലയാളികള്‍. ഇതു മുന്നില്‍ കണ്ടാണ് പ്രവാസി കുടുംബങ്ങളെ പിഴിഞ്ഞ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് നേരത്തെ 5900രൂപയായിരുന്നു എയര്‍ അറേബ്യ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ചാര്‍ജ് 20000കടന്നു. ദുബൈക്ക് 7000 രൂപയായിരുന്നത് 19700 രൂപയായി. ദോഹയിലേക്കുളള ചാര്‍ജില്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്.

18000 രൂപയുണ്ടായിരുന്ന ചാര്‍ജ് 56000ലേക്ക് ഉയര്‍ന്നു. എയര്‍ ഇന്ത്യക്കു പുറമേ, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് എയര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ഏപ്രില്‍ ആദ്യ വാരത്തില്‍ ചിലയിടങ്ങളിലേക്ക് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ട്. വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.