പി.കെ. കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ മുഖ്യമന്ത്രി: നിയമസഭയില്‍ തര്‍ക്കം; ഇറങ്ങിപ്പോക്ക്

single-img
23 March 2018

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ മുഖ്യമന്ത്രി. പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമ പ്രകാരമുള്ള പരിശോധന പൂര്‍ത്തിയാക്കിയേ ആരെയും വിട്ടയയ്ക്കൂവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് കൊലക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നത് കേട്ട്‌കേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്ലാ നിയമ സാധ്യതകളും പരിശോധിച്ച ശേഷം മാത്രം പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞത്. കുഞ്ഞനന്തന് പരോള്‍ നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ വിവേചനമോ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് രമേശ് ചെന്നിത്തല പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണത്തിനു നേരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം സൂചിപ്പിക്കുന്നത് കുഞ്ഞനന്തന്‍ താമസിയാതെ പുറത്തുവരാനിടയുണ്ടെന്നാണ്. സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടും. നിയമവിരുദ്ധമായ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാനൂരിനു സമീപം പാറാട് സ്വദേശിയായ കുഞ്ഞനന്തന്‍ ടിപി കേസിലെ പതിമൂന്നാം പ്രതിയാണ്. പ്രതിയാവുമ്പോള്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 2014 ജനുവരിയിലാണു കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.